ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ 1981-ൽ ജനിച്ചു. ഇപ്പോൾ ഹൈദ്രാബാദിൽ സി.എ ഇന്ത്യാ ടെക്നോളജി സെന്ററിൽ ടെക്നിക്കൽ റൈറ്ററായി (സാങ്കേതിക എഴുത്തുകാരൻ എന്ന് എന്റെ ഭാഷ്യം) ജോലിചെയ്യുന്നു. ബ്ലോഗ്: http://ganaganga.blogspot.com/.
ഗാനങ്ങൾ എഴുതുന്നതിൽ താല്പര്യം. പാബ്ലോ നെരൂദയുടെ ചില കവിതകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്റെ ഗാനങ്ങൾ അയച്ചുകൊടുത്ത് അഭിപ്രായം ആരാഞ്ഞപ്പോൾ, ഓ.എൻ.വി കുറുപ്പുസാർ പറഞ്ഞ പ്രചോദനപരമായ വാക്കുകൾ ഗാനപന്ഥാവിലെ പാഥേയം.
ഞാനെഴുതിയില്ലെങ്കിൽ ഈ ലോകത്തിന് എന്തെങ്കിലും കുറവു സംഭവിക്കും എന്ന വിചാരം തെല്ലുമില്ല. എങ്കിലും, ഓർമ്മയുടെ, സഹജാവബോധത്തിന്റെ, സങ്കല്പത്തിന്റെ ഒരു മഞ്ഞുതുള്ളി ഗാനമായ് ഇതളാർന്നിടുമ്പോൾ, അതിനാരെങ്കിലും സംഗീതത്തിന്റെ സൌരഭ്യം പകരുമ്പോൾ, അതൊരാൾ ഭാവമുൾക്കൊണ്ടു പാടുമ്പോൾ, അതൊരു സുമനസ്സിനെ തലോടുമ്പോൾ, ഒരു ആത്മനിർവൃതി ലഭിയ്ക്കുന്നു........................
ഈ ആൽബത്തിനു വേണ്ടി ഒരു വിഷാദഗാനം എഴുതാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഈ ആൽബത്തിലെ മനോഹരമായ മറ്റു ഗാനങ്ങൾക്കൊപ്പം "വാർമഴവില്ലിലെ" എന്നുതുടങ്ങുന്ന ഗാനവും നിങ്ങൾക്കിഷ്ടമാവും എന്നു കരുതുന്നു. ഈ മഹത്തായ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച കിരൺ, ബഹുവ്രീഹി, നിശീകാന്ത്, രാജേഷ് രാമൻ എന്നിവരെ നന്ദിയോടെ ഓർക്കുന്നു. ഈ സമാരംഭത്തിൽ പങ്കുചേരാനായതിലുള്ള സന്തോഷം അനല്പം.....................!
ഈണത്തിനെ കുറിച്ചു രണ്ടു വാക്കു കുറിയ്ക്കട്ടെ...
ഈണങ്ങളൊന്നും സ്വയംഭൂവല്ല. കാറ്റും മുളംതണ്ടുമെന്നതുപോലെ, ഗിറ്റാറിൻതന്തികളും മീട്ടുന്ന കൈകളുമെന്നതുപോലെ, ഈണങ്ങളോരോന്നും ഓരോ കൂട്ടായ്മയുടെ പരിണിതഫലങ്ങളാണ്. ഇവിടെ, സംഗീതത്തെ സ്നേഹിക്കുന്ന ചിലർ മുന്നിട്ടിറങ്ങി, ഒരു സാധനയെന്നതുപോലെ നടത്തിയ ശ്രമങ്ങൾ പൂർത്തീകരിക്കുമ്പോഴും, വിജയിക്കുന്നത് അർപ്പണമനോഭാവത്തോടുകൂടിയ കൂട്ടായ്മകൾ തന്നെയാണ്.
പാർവ്വതീപരമേശ്വരന്മാരുടെ ചേർച്ചയെ, വാക്കുമർത്ഥവും തമ്മിലുള്ള പാരസ്പര്യം എന്ന് മഹാകവി കാളിദാസൻ ഉപമിക്കുന്നുണ്ട് രഘുവംശമഹാകാവ്യത്തിൽ. ഗാനങ്ങളേയും നമുക്കിവ്വിധം നോക്കിക്കാണുവാൻ കഴിയും. സംഗീതവും സാഹിത്യവും തമ്മിലുള്ള ഒരു ആർദ്രലയമാണ്, ഒരു സ്നേഹസല്ലാപമാണ് ഓരോഗാനവും. പറഞ്ഞുതുടങ്ങിയത് ഈണത്തെപ്പറ്റിയാണ്; ഇനി പറയാനുള്ളതും. ഈണം ഒരു ആൽബത്തിന്റെ രൂപത്തിൽ നമുക്കു മുന്നിലെത്തുമ്പോൾ പൂർത്തിയാക്കപ്പെടുന്നത് സ്വപ്നങ്ങളാണ്. ഓരോ സ്വപ്നവും ഓരോ ഇതളുകളായ് വിരിഞ്ഞ്, ഈണമെന്ന പുഷ്പം ഇവിടെയെങ്ങും സുവാസിതമാക്കുന്നു.
ഈണത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്, ഞാൻ ബ്ലോഗ്ഗ് തുടങ്ങുന്നതിനും മുന്നേയാണ്. ഏകദേശം 2007 മാർച്ചിൽ. കിരണിന്റെ പാട്ടുകേട്ട് അഭിപ്രായമറിയിച്ചതിനെത്തുടർന്നുണ്ടായ ചില കത്തിടപാടുകളിലൂടെയാണ് ഈണം എന്ന സ്വപ്നത്തെക്കുറിച്ച് ഞാനാദ്യമായിക്കേട്ടത്. കിരണിന്റെ നിർദ്ദേശമനുസരിച്ചാണ് ഞാനൊരു ബ്ലോഗ്ഗ് തുടങ്ങുന്നതും. ആ നന്ദി, ഒരുവാക്കുകൊണ്ടുപോലും ഞാനിതുവരെ പ്രകാശിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കപ്പെടാത്ത നന്ദികളുടെ ഋണഭാരമേറുമ്പോൾ വല്ലപ്പോഴും ഇങ്ങനെയും മറ്റും ഒന്നുപറഞ്ഞാലായി. അങ്ങനെ ഞാൻ ബ്ലോഗ് തുടങ്ങി. അവിടെക്കുറിച്ചിട്ട ചിലഗാനങ്ങൾ ശ്രീ. പണിക്കർ മാഷ്, ബഹുവ്രീഹി, മനോജ് തുടങ്ങിയവർ സ്വരപ്പെടുത്തിപ്പാടുകനയുണ്ടായി. അവരെയെല്ലാം നന്ദിയോടുകൂടി ഓർത്തുകൊള്ളട്ടെ. പിന്നീട്, ബഹുവ്രീഹിയുമായുള്ള ഒരു സംഭാഷണവേളയിലാൺ ഈണം എന്ന ആശയം വീണ്ടും സജീവമായി എന്നറിയാൻ കഴിഞ്ഞത്. ഗാനങ്ങളോരോന്നും ഓരോ ഭാവത്തെ അടിസ്ഥനപ്പെടുത്തിയുള്ളതാണെന്നും അറിഞ്ഞു. വിശദവിവരങ്ങളടങ്ങിയ ആദ്യത്തെ "ഓല" കിരണിൽ നിന്നും ലഭിച്ചു.
നാടൻപാട്ട്, വിഷാദഗാനം, തത്ത്വചിന്താഗാനം, ഉത്സവഗാനം, അർദ്ധശാസ്ത്രീയഗാനം, ഭാവഗാനം, താരാട്ട്, യുഗ്മഗാനം, കാമ്പസ് ഗാനം, എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഞാനെഴുതേണ്ടത് വിഷാദഗാനം. രാജേഷ് രാമനാണ് ഈണം പകരുന്നത്, കിരണാണ് ആലപിക്കുന്നത്. രാജേഷിനോട് അഭിപ്രായം ആരാഞ്ഞു. വരികൾ അയച്ചുതരൂ എന്ന് രാജേഷ്. വിഷയം തെരഞ്ഞെടുക്കുന്നതിൽ രാജേഷ് എനിയ്ക്കു പൂർണ്ണ സ്വാതന്ത്ര്യം തന്നു. പാട്ട്, ഏതെങ്കിലും സിനിമാപ്പാട്ടിന്റെ ഈണത്തിലെഴുതിയതാണെങ്കിൽ ഒറിജിനൽ ഈണം ഏതെന്നു രാജേഷിനെ അറിയിക്കരുതേയെന്നൊരു അഭ്യർത്ഥനയും. കെട്ടിയിട്ടടിച്ചാൽപ്പോലും അതുപറയില്ലെന്നു ഞാനും.
നേരത്തേ (2006ൽ) എഴുതിയ ഒരുഗാനമാണ് ഞാൻ തെരഞ്ഞെടുത്തത്. ഏതോ ഒരു സിനിമ, അതിലെ നായിക മരിക്കുന്നതും, തുടർന്നുള്ള നായകന്റെ ദു:ഖവും ഒക്കെക്കണ്ട്, ആ സന്ദർഭത്തിൽ ഒരുപാട്ടുണ്ടായാൽ എങ്ങനെയിരിക്കും (ആഗ്രഹം നോക്കണേ) എന്നാലോചിച്ചതിന്റെ ഫലമായ് പിറവികൊണ്ടതാണ്, "വാർമഴവില്ലിലെ" എന്ന ഗാനം. എല്ലാനിറങ്ങളുടേയും ഉണ്മയായ വെണ്മപുതച്ച്, നീരവം മലർശയ്യയിൽ കിടക്കുന്ന നായിക. പാട്ടെഴുതിത്തീർക്കാൻ അധികസമയം വേണ്ടിവന്നില്ല. ഛന്ദസ്സ് പാലിയ്ക്കുവാൻ പ്രത്യേകശ്രമമൊന്നും നടത്തിയിരുന്നില്ലെങ്കിലും, എഴുതിക്കഴിഞ്ഞപ്പോൾ ഏതാണ്ട് മഞ്ജരിയുടെ മട്ടിലായി (കുറഞ്ഞ പക്ഷം മഞ്ജരിയുടെ കുഞ്ഞമ്മയുടെ മോളെപ്പോലെങ്കിലുമായി).
പാട്ട് പിറ്റേന്നത്തെ ഗൂഗിൾ പോസ്റ്റിൽ ഇംഗ്ളണ്ടിലേയ്ക്കു പറന്നു. സമയത്തിലുള്ള വ്യത്യാസം കാരണമാവാം പിന്നീടുള്ള ചർച്ചകളൊക്കയും നിശിയേട്ടനു(നിശീകാന്ത്/ചെറിയനാടൻ)മായായിരുന്നു. ഗാനത്തിന്റെ ഈണം ചർച്ചചെയ്യപ്പെട്ടു എന്നും, ചില്ലറ വ്യത്യാസങ്ങൾ വരുത്തേണ്ടതുണ്ടെന്നും അറിഞ്ഞു.
"നിന്റെ ഹൃദയവിഹായുസ്സിലിന്നോളം
പാറിനടന്നോരു വെൺപറവ
ഇന്നീ മഹാകാശവീഥിയളക്കുവാൻ
മണ്ണിന്റെ കൂടും തുറന്നുപോയി"
എന്നതിലെ പറവയ്ക്കു "വാ" അല്പംകൂടിയതിനാൽ മറ്റൊരുവാക്ക് ഉപയോഗിക്കുന്നതു നന്നാവും എന്ന നിർദേശവും തന്നു. "പൂങ്കുരുവി" പോലെയെന്തെങ്കിലുമായാൽ മതിയാവും എന്ന ഉപദേശവും. കുഴിമടിയനായ ഞാൻ "പൂങ്കുരുവി" പോലെയെന്തെങ്കിലുമല്ല, പൂങ്കുരുവി (അതും, വലുത് ഒന്ന്) തന്നെയിരിക്കട്ടെ എന്നു മറുമൊഴിയാടി. പല്ലവി, അനുപല്ലവി, ചരണം എന്നിവയുടെ ഘടനയിൽ ചില വ്യത്യാസങ്ങൾ വരുത്തിയതിനാൽ, ചിലവരികൾ (ഹേമന്ത സന്ധ്യതൻ....) പുതുതായി എഴുതിച്ചേർക്കേണ്ടതായും വന്നു. തനനാനാ പാടി നിശിയേട്ടൻ കൂടെയുണ്ടായതിനാൽ, ഗൂഗിളമ്മച്ചിയുടെ മടിയിനലിരുന്നു സ്വകാര്യം പറയുന്നതിന്നിടയിൽ ഗാനവും പൂർത്തിയായി.
പാട്ടൊരാൾക്ക് ട്യൂണിടാൻ അയച്ചുകൊടുത്താൽ, "വെന്തോ, വെന്തോ" എന്നു ചോദിയ്ക്കുന്നത് എന്റെ (ദു:)ശീലമാണ്. എന്തായാലും അധികം കാത്തിരിയ്ക്കേണ്ടിവന്നില്ല. പാട്ടിന്റെ ട്രയൽ വെർഷൻ എന്നെത്തേടിയെത്തി. മനോഹരമായ ട്യൂൺ. എന്റെ ഒന്നുരണ്ട് നിർദ്ദേശങ്ങളും മറുപടിയായി നല്കി. കറുത്തമ്മപോയ കൊച്ചീമുതലാളിയെപ്പോലെ കടാപ്പുറത്തൂടെയലഞ്ഞ്, കിരൺ ആ പാട്ട് പരിശീലിച്ചു. ഏവൂരിലെ ഒരു സ്റ്റുഡിയോയിൽ ആലേഖനം ചെയ്യപ്പെട്ട ഗാനം കിരൺ എനിയ്ക്കയച്ചുതന്നു. എന്റെ വരികൾ സ്വരതിലകം ചാർത്തിനിൽക്കുന്നു. രാജേഷിന്റെ ഹൃദ്യമായ ഈണത്തിനൊത്ത്, ഒരു ഭാവഗായകനെപ്പോലെ കിരൺ പാടിയിരിക്കുന്നു. അന്നുരാത്രിയിൽ ഉറങ്ങുവോളവും ആ പാട്ടുതന്നെ കേട്ടുകിടന്നു. (ഇനി കിരൺ ഫോൺ ചെയ്താലും, ആരെന്നുപറയും മുൻപേ ആ ശബ്ദം തിരിച്ചറിയും).
ഒരു പാട്ടെഴുതിക്കൊടുത്ത്, അതിൽ ചില തിരുത്തലുകൾ വരുത്തി ഞാൻ എന്റെ ജോലിപൂർത്തിയാക്കി. എന്നാൽ, ഈ ആൽബത്തിലെ ഓരോപാട്ടും പൂർത്തിയാക്കുവാൻ, ലാഭേച്ഛ തെല്ലുമില്ലാതെ രാപകലധ്വാനിച്ചവർ ഏറെ. ആ കൈകളെയൊക്കയും ഇങ്ങു ദൂരെയിരുന്നു് ഞാനെന്റെ ഹൃദയം കൊണ്ടു തൊടുന്നു......
ഈണമെന്ന പൂവിലെ ഒരിതളായ വിഷാദഗാനത്തിന്റെ പിറവിയെപ്പറ്റിയാണ് പറഞ്ഞത്. ഒറ്റയൊറ്റയിതളുകളായാസ്വദിച്ചാലും, ഒരുമിച്ചു കണ്ടാലും, ഈണം നിങ്ങളെയാകർഷിക്കും. അതേ, ഋതുശാഖിയിൽ ഒരുനല്ല പൂക്കാലമുണരുകയായ്. ഒരു രാഗമാലികയെന്നതുപോലെ, ഇളയെപ്പുൽകുന്ന ഋതുഭേദചാരുതകൾ പോലെ, ഈണം നിങ്ങൾക്കുമുന്നിലേയ്ക്കു വരികയാണ്. ഓരോ ഗാനവും നിങ്ങളിലെ ഓരോ ഭാവത്തെയും സ്പർശിക്കട്ടെ. അവ നിങ്ങളിലെ സുപ്തചോദനകളെ ഉണർത്തട്ടെ.....
ഇനി ആസ്വദിച്ചാലും ഈണത്തിന്നീണങ്ങൾ..................
- Add new comment
- 9811 reads
- English