ജയലക്ഷ്മി

2003 മാർച്ച് മൂന്നിനു ചേർത്തലയിൽ ജയകുമാർ-പ്രീത ദമ്പതികളുടെ മകളായി ജനനം.  തീരെ ചെറുതിലെ തന്നെ ജയലക്ഷ്മി സംഗീതത്തിൽ താല്പര്യവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നത് ശ്രദ്ധിച്ച അമ്മ പ്രീതയാണ് ജയക്ക് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുത്തത്. പ്രീത ഗാനഭൂഷണ ബിരുദധാരിയാണ്. പിന്നീട് പള്ളിപ്പുറം സുനിൽകുമാറിന്റെ ശിഷ്യയായി സംഗീതാഭ്യസനം തുടർന്ന ജയലക്ഷ്മി കൂടുതൽ മികച്ച ശിക്ഷണത്തിനായി മനോജ് ജയദേവ് എന്ന സംഗീതാധ്യാപകന്റെ കീഴിൽ ചേർന്നു. അത് ജയലക്ഷ്മിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. തന്റെ ശിഷ്യയുടെ സംഗീതത്തിലുള്ള അസാധാരണ മികവ് തിരിച്ചറിഞ്ഞ മനോജ് ജയലക്ഷ്മി പാടിയ സത്യം ശിവം സുന്ദരം എന്ന ഗാനം തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ജയലക്ഷ്മി സംഗീതാസ്വാദകരുടെ ഇടയിൽ വൈറലായി മാറി. കൊച്ചു കേരളത്തിൽ നിന്നും ജയലക്ഷ്മി ബോളിവുഡിൽ എത്തിച്ചേരുന്നത് ലിറ്റിൽ ലതാമങ്കേഷ്കർ എന്ന
പട്ടത്തോടെയാണ്. ചുരുങ്ങിയ സമയംകൊണ്ട് സംഗീതലോകത്തെ പ്രതിഭകളുടെ അംഗീകാരം പിടിച്ചുപറ്റിയ ഈ കൊച്ചുകലാകാരി മികച്ച സംഗീതാഭ്യസനത്തിനായി മുംബൈയിലേയ്ക്ക് ചേക്കേറിയിരിക്കുകയാണിപ്പോൾ.