ആദ്യം ലേശം വ്യക്തിമാഹാത്മ്യം: കെവിൻ & സിജി എന്റെ ബ്രാൻഡ് നെയിമാണു്. ഇതിലെ സിജി എന്റെ ലൈഫ് ടൈം പാർട്ട്ണറും ആണു്. എന്റെ ജനനം കൊണ്ടു് പ്രശസ്തമായ തൃശ്ശൂരിലെ ചെന്ത്രാപ്പിന്നി എന്ന ഗ്രാമത്തിലാണു് ഞങ്ങളുടെ ഹെഡ്ഡാപ്പീസ്. അഭിമന്യു മകനാണു്, അഞ്ജലി ഫോണ്ടും. ഞാൻ ഫോണ്ടിൽ കൈയിലു കുത്തിയാണു് ഇന്റർനെറ്റിലേയ്ക്കു കയറിയതു്. ഇപ്പോ വെബ്സൈറ്റുകളുടെ മെയിൻവാർക്കപ്പണി കോണ്ട്രാക്ട് എടുത്തു ചെയ്യുന്നു.
ഈണം ഒരു ഗംഭീര സംഭവമാണു് കേട്ടോ, എനിയ്ക്കു ഈ സൈറ്റു പണിയാൻ ചാൻസു തന്നതു കൊണ്ടു പറയുകയല്ല, പറയാണ്ടു് പറ്റില്ല, അതോണ്ടു് പറയാണു്. ഇത്തരത്തിലൊന്നു് മലയാളത്തിൽ ഇതാദ്യം. ആഴ്ചയ്ക്കാഴ്ചയ്ക്കു് പഞ്ചായത്തുതോറും പിള്ളേരിക്കാലത്തു് ആൽബം ഇറക്കുമ്പോ, ലോകമാകുന്ന പഞ്ചായത്തിന്റെ പലവാർഡിലിരുന്നു കൊണ്ടു്, പരസ്പരം മുഖത്തുനോക്കി സംസാരിയ്ക്കാതെ, ഇങ്ങിനെ ഒരു ആൽബം സൃഷ്ടിയ്ക്കുവാനായി സ്വപ്നം കണ്ടവരെ നമിയ്ക്കുന്നു. സ്വപ്നം സാക്ഷാത്കാരത്തിന്റെ ഈ ഘട്ടത്തിൽ ചെറിയ സഹായവുമായി കൂടെ ചേരാൻ കഴിഞ്ഞതിൽ ഗംഭീര സന്തോഷവും ഉണ്ടു്.
ഈണത്തിനു് ഞങ്ങളുടെ സർവ്വവിധ മംഗളാശംസകളും നേരുന്നു.
Blog: http://kevinsiji.wordpress.com
Contact: kevinsiji at gmail dot com































